01 Feb

മണ്‍സൂണ്‍ മാംഗോസ്

സിനിമയുടെ പേരില്‍ത്തന്നെയുണ്ടൊരു കൗതുകം, 'മണ്‍സൂണ്‍ മാംഗോസ്'. മുഖ്യമായും അമേരിക്കന്‍ സ്‌ങ്കേതിക വിദഗ്ദരെ പങ്കെടുപ്പിച്ചുക്കൊണ്ട് അബി വര്‍ഗ്ഗീസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 'ഡി.പി. പള്ളിക്കല്‍' എന്ന തൂലികാനാമത്തില്‍ തിരക്കഥകളെഴുതി വലിയ സംവിധായകനാകാന്‍ ശ്രമിച്ചുക്കൊണ്ടിരിക്കുന്ന ദാവീദ് (ഫഹദ് ഫാസില്‍) എന്ന അമേരിക്കന്‍ മലയാളി യുവാവിന്‍റെ  മോഹഭംഗങ്ങളുടേയും തിരിച്ചറിവിന്‍റെയും കഥയാണ്. ജനപ്രീതി നേടിയ 'അക്കരെക്കാഴ്ചകള്‍' എന്ന അമേരിക്കന്‍ പ്രവാസിജീവിതത്തെക്കുറിച്ചുള്ള ടീവി സീരിയലിന്റെ സഹസംവിധായകനായിരുന്ന അബി വര്‍ഗ്ഗീസ് ആയിരത്തിത്തൊള്ളായരത്തി തൊണ്ണൂറുകളിലെ അമേരിക്കന്‍ മലയാളി കുടിയേറ്റ ജീവിത പശ്ചാത്തലത്തിലാണ് 'മണ്‍സൂണ്‍ മാംഗോസി'ന്റെ കഥ വികസിപ്പിക്കുന്നത്.

ഡി. പി. പള്ളിക്കല്‍ സംവിധാനം ചെയ്ത ബ്ലാക്ക് ആന്റ് വൈറ്റ് ഹ്രസ്വചിത്രം സ്‌ക്രീന്‍ ചെയ്തുക്കൊണ്ടാണ് 'മണ്‍സൂണ്‍ മാംഗോസ്' തുടങ്ങുന്നത്. ആ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ഒരു സൈക്യാട്രിസ്റ്റിന്‍റെ  മുമ്പിലാണെന്ന് ഒടുവില്‍ നമുക്ക് മനസ്സിലാവുന്നു;  തന്റെ മകന്‍റെ  സിനിമാപ്രാന്തിന് ചികില്‍സ തേടി ദാവീദിന്‍റെ അപ്പന്‍ തന്നെയാണ് സൈക്യാട്രിസ്റ്റിന്‍റെ ക്ലിനിക്കില്‍ 'ഡി.പി'യെ എത്തിക്കുന്നത്. ആ ഹ്രസ്വ ചിത്രത്തിന്‍റെ ചിത്രീകരണരീതിയും അതിഭാവുകത്വം നിറഞ്ഞ സംഭാഷണശൈലിയും കാണുമ്പോഴേ നമ്മള്‍ ഊഹിക്കുന്നുണ്ട് ഡി.പി യുടെ ചിത്രങ്ങളെല്ലാം തന്നെ വെളിച്ചം കാണാനിടയില്ലാത്തവയാണെന്ന്. നമുക്ക് ഇത് തോന്നല്‍ മാത്രമാണെങ്കില്‍ ഡി.പിയുടെ മാതാപിതാക്കള്‍ക്കും അനിയത്തിയ്ക്കും കാമുകിക്കും അയാളുടെ ജോലി സ്ഥലത്തുള്ളവര്‍ക്കുമൊക്കെ അയാളുടെ സിനിമാപിടുത്തം അസഹനീയമായ അബ്‌നേര്‍മാലിറ്റിയായാണ് അനുഭവപ്പെടുന്നത്.

ഡി.പി. യുടെ ഹ്രസ്വചിത്രം അല്‍പം 'അവാര്‍ഡ് പടം' പോലെയായതുക്കൊണ്ട് അഭിപ്രായം പറയാനുള്ള ധൈര്യം സൈക്യാട്രിസ്റ്റിനില്ല. സിനിമാഭ്രാന്തിന് കൃത്യമായൊരു ചികില്‍സയും നിശ്ചയിക്കാനില്ലല്ലോ. അതുകൊണ്ട് ഡി. പിക്ക് ഉപദേശമായി ഒരു മഹദ്വചനം ഉദ്ധരിച്ച് സൈക്യാട്രിസ്റ്റ് രക്ഷപ്പെടുന്നു; 'Don't search for your destiny; let the destiny come and find you'.

മുപ്പത് വയസ്സ് കഴിഞ്ഞിട്ടും സ്വന്തമായി സമ്പാദ്യമൊന്നുമുണ്ടാക്കാതെ ഡി.പി. സംവിധായക കുപ്പായമണിഞ്ഞ് വീട്ടുകാരുടെ പൈസ ചെലവാക്കി നടക്കുകയാണ്. സ്പീല്‍ബര്‍ഗ്, സത്യജിത്‌റായ്, പത്മരാജന്‍ തുടങ്ങി മഹാപ്രതിഭകളേപ്പോലെ പ്രശസ്തനാകണം എന്ന വ്യാമോഹവുമായി നടക്കുന്ന ദാവീദിന് ആകാശക്കൊട്ടാരം പണിയുന്ന ഈ സ്വഭാവം സ്വന്തം അപ്പച്ചനില്‍ നിന്ന് തന്നെ കിട്ടിയതാണ്,  അപ്പച്ചന്‍ സിനിമാക്കാരനോ കലാകാരനോ ഒന്നും അല്ല. അദ്ദേഹത്തിന് പാരമ്പര്യ വിദ്യയായി ലഭിച്ചത് എന്ന് പറഞ്ഞ് ആരും വാങ്ങാത്ത രസായനം കുപ്പിക്കണക്കിനുണ്ടാക്കി അത് വീടുതോറും കയറിയിറങ്ങി വില്‍ക്കലാണ് ജോലി;  അതിന് ഏജന്‍റെമാരെ വരെ വച്ചിട്ടുണ്ട് അയാള്‍. സായിപ്പിന് രസായനം വിറ്റ് വലിയൊരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കണം എന്നാണ് വ്യാമോഹം.

ഒരു ട്രാജി - കോമഡിയുടെ ചേരുവകളോടെ മുന്നോട്ട് നീങ്ങുന്ന മണ്‍സൂണ്‍ മാംഗോസിന്റെ കഥയില്‍ രണ്ട് പ്രധാന വഴിത്തിരിവുകള്‍ സംഭവിക്കുന്നു. ടോയ്‌ലറ്റ് പ്രോഡക്ട്‌സ് വില്‍ക്കുന്ന ഉത്തരേന്ത്യന്‍ മുതലാളിയുടെ കമ്പനിയിലാണ് ദാവീദും കാമുകിയും കൂട്ടുകാരനും എല്ലാം ജോലി. ജോലിയില്‍ താല്പര്യമെടുക്കുന്നതിനേക്കാള്‍ അവിടുത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ച് തന്‍റെ ഡ്രീം ഫിലിം പ്രോജക്ടിന്റെ തിരക്കഥ തയ്യാറാക്കലാണ് ഡി.പിയുടെ മുഴുവന്‍ സമയ ജോലി. 'മണ്‍സൂണ്‍ മാംഗോസ്' എന്ന് പേരിട്ടിരിക്കുന്ന ആ ഫീച്ചര്‍ ഫിലിം സ്‌ക്രിപ്റ്റ് കമ്പനി വക കംപ്യൂട്ടറും പ്രിന്ററും ഉപയോഗിച്ച് സൂത്രത്തില്‍ പ്രിന്റ് ചെയ്‌തെടുക്കുന്നത് മുതലാളി കൈയോടെ പിടികൂടി ദാവീദിനെ കമ്പനിയില്‍ നിന്ന് പിരിച്ചു വിടുന്നു.

കമ്പനിയില്‍ നിന്ന് പുറത്തായി, ജീവിതം കട്ടപ്പുകയായിട്ടും ഡി.പി. തന്‍റെ ഡ്രീം ഫിലിം പ്രോജക്ട് ചിത്രീകരിച്ച് പ്രശസ്തനാവാനുള്ള ശ്രമത്തിലാണ്. അമേരിക്കയില്‍ വിലകുറഞ്ഞ മലയാളം സിനിമകളുടെയിടയില്‍ ബ്ലൂ ഫിലിം ബിറ്റുകള്‍ തിരുകിച്ചേര്‍ത്ത് 'പ്രൊഡ്യൂസര്‍' ആയി ചമഞ്ഞ് നടക്കുന്ന മുതലാളിയെയാണ് ഡി. പി. തന്റെ സ്‌ക്രിപ്റ്റുമായി ആദ്യം സമീപിക്കുന്നത്. പ്രൊഡ്യൂസര്‍ (അലന്‍സിയര്‍) സിനിമയുണ്ടാക്കല്‍ ഇയാള്‍ക്കു പറ്റിയ പണിയല്ലെന്നു പറഞ്ഞ് ഡി. പിയെ നിരുത്സാഹപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു.

പ്രതീക്ഷകള്‍ നശിച്ച് നടക്കുന്ന ഡി. പി. യാദൃശ്ചികമായി ഹിന്ദി സിനിമകളില്‍ ഒരു കാലത്ത് നായകനായി തിളങ്ങിയ പ്രേംകുമാര്‍ എന്ന നടനെ കണ്ട് മുട്ടുന്നു. പ്രായമായി, ഗ്ലാമറൊക്കെ നഷ്ടപ്പെട്ട്, അമേരിക്കയില്‍ മകന്‍റെയും കൊച്ചുമകന്റേയും ഒപ്പം താമസിക്കുന്ന പ്രേംകുമാറിന് ഇപ്പോള്‍ മുഴുവന്‍ സമയ ജോലി മദ്യപാനമാണ്, അതും സ്ഥിരമായി ഒരേ ബ്രാന്‍ഡ് വിസ്‌ക്കി, 'ഓള്‍ഡ് ടര്‍ക്കി'.

പ്രോത്സാഹിപ്പിക്കാന്‍ ആരും ഇല്ല, കൈയില്‍ വലിയ പണവുമില്ല; എങ്കിലും പ്രേംകുമാറിനെ നായകനാക്കിക്കൊണ്ട് ഡി.പി. 'മണ്‍സൂണ്‍ മാംഗോസ്' ഷൂട്ട് ചെയ്ത് പുറത്തിറക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നു. സിനിമാചിത്രീകരണത്തിന് എല്ലാ സഹായങ്ങളും ചെയ്തുക്കൊണ്ട് സഹസംവിധായകനേപ്പോലെ കൂട്ടിനുള്ളത് നമ്മള്‍ തുടക്കത്തില്‍ കണ്ട ഹ്രസ്വ കഥാചിത്രത്തിലെ നായകനടന്‍ (വിനയ് ഫോര്‍ട്ട്). അമേരിക്കയില്‍ കല്ല്യാണ വീഡിയോ എടുത്ത് നടക്കുന്ന ഒരു ക്യാമറാമാനും ശിങ്കിടിയുമാണ് 16എം.എം ക്യാമറ ചലിപ്പിക്കാന്‍ വലിയ പ്രതിഫലം ആവശ്യപ്പെട്ട് ഡി. പിയുടെ സെറ്റിലെത്തുന്നത്. പ്രേംകുമാര്‍ സംവിംധായകന്റെ സങ്കല്‍പ്പത്തിന്  നന്നായിണങ്ങും വിധമുള്ള തീവ്രശോകഭാവവും സംഘര്‍ഷങ്ങളും ഉള്ള നായകനെ ഭംഗിയായി അവതരിപ്പിക്കുന്നു; പക്ഷേ സീനുകളുടെയിടക്ക് വച്ച് അയാള്‍ തന്റെ പ്രതിഫലം കൃത്യമായി, ശാഠ്യം പിടിച്ച് തന്നെ കൈപ്പറ്റുന്നു.; അത് പൈസയൊന്നുമല്ല, 'ഓള്‍ഡ് ടര്‍ക്കി വിസ്‌ക്കി'.

ഒരു അമേച്ച്വര്‍ ഫിലിം മേക്കേഴ്‌സ് ടീമിന്‍റെ എല്ലാ പ്രശ്‌നങ്ങളും അബദ്ധങ്ങളും 'മാംഗോസി'ന്റെ ചിത്രീകരണ സമയത്ത് 'ഡി.പി.' യേയും സംഘത്തേയും വേട്ടയാടുന്നുണ്ട്. യേശു (തമ്പി ആന്റണി) കുതിരപ്പുറത്ത് കയറി ഒരു സ്വപ്ന രംഗത്തില്‍ പ്രത്യക്ഷപ്പെടേണ്ടിടത്ത് കുതിരക്ക് വാടക കൂടുതലായതുക്കൊണ്ട് പകരം 500 ഡോളറിന് കഴുതയെ വാങ്ങി; പിന്നെ ആ കഴുത ഷൂട്ടിംഗ് ലൊക്കേഷനില്‍ സ്ഥിരം 'ഫിലിം ക്രൂ' മെമ്പറും, ഡി.പി.യുടെ വീട്ട്മുറ്റത്ത് അന്തിയുറക്കക്കാരനുമായി. ഇങ്ങനെ ഈ സിനിമയിലെ രംഗങ്ങള്‍ സ്വാഭാവികമായ നര്‍മ്മരസാനുഭവമാണ് തരുന്നത്; ഇപ്പോഴത്തെ മലയാള സിനിമകളിലേത് പോലെ ശബ്ദബഹളങ്ങളോ, കെട്ട്ക്കാഴ്ചകളോ ഈ സിനിമയിലില്ല എന്നത് വലിയൊരാശ്വാസം.

ഷൂട്ടിംഗിന് പണം ഇടക്ക് വച്ച് തീര്‍ന്ന് പോയതുക്കൊണ്ട് ഗത്യന്തരമില്ലാതെ അമ്മാവന്റെ സൂപ്പര്‍മാര്‍ക്കറ്റിന്റെ സ്‌പോണ്‍സര്‍ ഷിപ്പ് വാങ്ങിക്കൊണ്ടാണ് ഷൂട്ടിംഗ് തുടരുന്നത്. അമ്മാവന്‍റെ അല്‍പ്പത്വവും നായകന്‍ പ്രേംകുമാറിന്‍റെ ആദര്‍ശവും ഏറ്റ് മുട്ടി ആ അവസരവും  ഇടക്ക് വെച്ച് മുടങ്ങിപ്പോയി. അവര്‍ തമ്മിലുള്ള വഴക്കിനിടയില്‍ ക്യാമറ നിലത്ത് വീഴുകയും അതു വരെ ഷൂട്ട് ചെയ്തിരുന്ന ഫിലിമില്‍ കുറേ ഭാഗത്ത് വെളിച്ചം കയറുകയും ചെയ്തു.

ഇതിനിടയില്‍ കുറേ ജീവിത പ്രശ്‌നങ്ങളും തലപ്പൊക്കുന്നുണ്ട്; ഡി.പിയുടെ കാമുകി അയാളെ വിട്ട് പണക്കാരന്‍ കൂട്ടുകാരന്റെ (ടൊവീനോ) കൂടെ കൂട്ടുകൂടി നടക്കുന്നത് അയാള്‍ക്ക് സഹിക്കുന്നില്ല, അപ്പച്ചനുമായി കാര്യമായി വഴക്കിട്ടതുക്കൊണ്ട് വീട്ടില്‍ നിന്ന് പുറത്തായി പ്രേംകുമാറിന്‍റെ വീടിനു പുറത്ത്  കാറിനുള്ളിലാണ് ഇപ്പോള്‍ ഡി.പി.യുടെ അന്തിയുറക്കം. ഇത് വരെ മകന്‍റെയൊപ്പം കഴിഞ്ഞിരുന്ന പ്രേംകുമാറിനെ മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കി; പേരക്കിടാവിനെ ഇനിമേല്‍ കാണാന്‍ വരരുത് എന്ന് കോടതി വിലക്കും. വിലക്ക് ലംഘിച്ച് കുട്ടിയുടെ സ്‌കൂള്‍ ബസ്സിനടുത്ത് ചെല്ലുന്ന പ്രേകുമാറിനെ ബസ്സ് ഡ്രൈവര്‍ സായിപ്പ് തടയുമ്പേള്‍ അതു കണ്ട് ചെല്ലുന്ന ഡി.പി. സായിപ്പുമായി ശണ്ഠ കൂടുന്നു. അവസാനം ഡി.പി.യും പ്രേംകുമാറും പോലീസ് ലോക്കപ്പിലാവുന്നു.

ഡ്രീം ഫിലിം പ്രോജക്ട് ചിത്രീകരിച്ച് പ്രഗത്ഭ സംവിധായകനായിത്തീരാന്‍ മോഹിച്ച് നടക്കുന്ന ഡി.പി. എന്ന ചെറുപ്പക്കാരന്‍റെ കഥ ഒരു ഫാന്‍റെസിയായല്ല അബി വര്‍ഗ്ഗീസ് ഒരുക്കിയിരിക്കുന്നത്. മോഹസാഫല്യത്തേക്കാള്‍ മോഹഭംഗങ്ങളും ബന്ധങ്ങള്‍ വേര്‍പ്പെടലും ഒക്കെ ചേര്‍ന്ന് പച്ചയായ, പരുക്കനായ ജീവിതം സിനിമക്ക് മുകളിലായി സംവിധായകന്‍ പ്രാധാന്യം നല്‍കി ചിത്രീകരിച്ചിരിക്കുന്നു. ജീവിതം സിനിമയേക്കാള്‍ പ്രധാനം എന്ന് പ്രേംകുമാറിന്‍റെ വായില്‍ നിന്ന് നാം കേള്‍ക്കുന്ന പ്രസ്താവന അടിവരയിട്ട് സ്ഥാപിക്കുകയാണ് അബി വര്‍ഗ്ഗീസ് ഈ സിനിമയിലൂടെ.

ഡി.പി.യുടെ സിനിമ ചിത്രീകരിച്ച് കഴിഞ്ഞു; എല്ലാ അപാകതകളോടും കൂടി. ഒട്ടും വൈകാതെ പ്രേംകുമാര്‍ എന്ന അനശ്വര നടന്‍റെ ജീവിത കഥയും അവസാനിക്കുന്നു. 'മണ്‍സൂണ്‍ മാംഗോസ്' താന്‍ സ്വപ്നം കണ്ട രീതിയില്‍ സിനിമാ തിയ്യറ്ററിലെത്തുക അസംഭവ്യം എന്ന് ഡി.പിക്ക് മെല്ലെ മനസ്സിലായിത്തുടങ്ങി; ആ ബോധ്യത്തില്‍ നിന്നാകാം ഈ സിനിമയുടെ സുന്ദരമായ അവസാന രംഗത്തിലെ വളരെ വ്യത്യസ്തനായ ഡി. പി. ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്.

താന്‍ ചിത്രീകരിച്ച 'മണ്‍സൂണ്‍ മാംഗോസ്' സിനിമയിലെ കുറേ ദൃശ്യങ്ങളും അയാള്‍ പലതവണ ക്യാമറയില്‍ പകര്‍ത്തി വെച്ചിരുന്ന പ്രേംകുന്‍റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുള്ള  ഒട്ടും തിളക്കമില്ലാത്ത രംഗങ്ങളും ചേര്‍ത്ത് വെച്ച്, ആ ദൃശ്യങ്ങളെ പ്രേംകുമാര്‍ പണ്ട് അഭിനയിച്ച് ഏറെ പ്രശസ്തി നേടിയ ഹിന്ദി സിനിമയിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളും കൂടി സംയോജിപ്പിച്ച് ജീവിതത്തിനുള്ള ഒരു ആദരം (A Tribute to life) എന്ന നിലയില്‍  ഡി.പി. തന്റെ ചിത്രം രൂപപ്പെടുത്തുന്നു.

നീലപ്പടം പ്രദര്‍ശിപ്പിക്കുന്ന തീയ്യറ്ററില്‍ ഡി.പിയുടേത് പോലെ സോദ്ദേശ്യസിനിമകള്‍ക്കൊന്നും ഇടമില്ലല്ലോ. അതുകൊണ്ട് അയാള്‍ ചെയ്യുന്നത് ഓപ്പണ്‍എയര്‍ വേദിയില്‍ വലിയൊരു സ്‌ക്രീന്‍  സ്വയം വലിച്ച് കെട്ടി ആ വലിയ തിരശ്ശീലയിന്‍മേലാണ് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടായി ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഡി.പിയെ പരിഹസിച്ചിരുന്ന അപ്പച്ചനും അനിയത്തിയും, കാമുകിയും, കൂട്ടുകാരനുമെല്ലാം ഡി.പിയുടെ ഈ ചിത്രം കണ്ട് അഭിനന്ദനവുമായി എത്തുന്നു. ഈ അവസാന സീന്‍ 'സിനിമ പരദീസോ' എന്ന പ്രശസ്ത ഇറ്റാലിയന്‍ സിനിമയിലെ  ഓപ്പണ്‍എയര്‍ സ്‌ക്രീനിംഗ് സീനിനെ ഓര്‍മ്മിപ്പിക്കുന്നു.

തന്‍റെ 'മണ്‍സൂണ്‍ മാംഗോസ്' സിനിമയുടെ ഉപസംഹാരമായി ഡി. പി. നടത്തുന്ന വളരെ അര്‍ത്ഥപൂര്‍ണ്ണമായൊരു പ്രസ്താവനയുണ്ട്. ജീവിതത്തില്‍ പലതരം മനുഷ്യരുണ്ട്. ഒരു കൂട്ടര്‍ എപ്പോഴും വിജയം കൊയ്യാന്‍ നടക്കുന്നു. ചിലര്‍ പ്രശസ്തരാകുന്നു, കൈയടി നേടുന്നു. പക്ഷേ മറ്റൊരു കൂട്ടം മനുഷ്യരുണ്ട്. അവര്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റ് വാങ്ങി, എന്നേപോലെ സ്വപ്നങ്ങള്‍ നഷ്ടപ്പെട്ട് കഴിയാന്‍ വിധിക്കപ്പെടുന്നു. പക്ഷേ അവരുടെ കഥകള്‍ നമ്മോട് പറയുന്നത്, 'സിനിമ ജീവിതത്തേക്കാള്‍ വലുതല്ല;  ജീവിതമാണ് പ്രധാനം' എന്നാണ്.

അബി വര്‍ഗ്ഗീസിന്‍റെ 'മണ്‍സൂണ്‍ മാംഗോസ്' പല കേന്ദ്രങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ എറ്റ് വാങ്ങി, അധികം ദിവസം തിയ്യറ്ററില്‍ ഓടാതെ, പെട്ടെന്ന് അപ്രത്യക്ഷമായ ചിത്രമാണ്. പക്ഷേ മെനക്കെട്ട് ചിത്രം കാണാന്‍ തിയ്യറ്ററില്‍ എത്തിയ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കും ശബ്ദബഹളങ്ങളില്ലാതെ, ജീവിതത്തിന് നേരെ നോക്കി ഊറി ചിരിക്കുന്ന ഈ സിനിമ. എല്ലാ സിനിമാ മോഹികളും പ്രാന്തന്‍മാരും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായി മാറുന്നില്ല - ഇവരില്‍ കുറേപ്പേര്‍ സിനിമാപ്പിടുത്തത്തിലൂടെ കൈപ്പൊള്ളി, എല്ലാം നഷ്ടപ്പെടുമ്പോള്‍ ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ പാഠങ്ങള്‍ പഠിക്കുന്നു. അങ്ങനെയുള്ള ഒരു തിരിച്ചറിവിലേക്ക് കണ്ണുകള്‍ തുറക്കാനാണ് അബി വര്‍ഗ്ഗീസിന്‍റെ 'മണ്‍സൂണ്‍ മാംഗോസ്' ഉപകരിക്കുക.