01 Feb

ദ ബെറ്റര്‍ ഏഞ്ചല്‍സ്

മഹാന്‍മാരുടെ ജീവചരിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ പലപ്പോഴും വിട്ട് പോകുന്ന ഒരേട് ആ മഹദ് ജീവിതങ്ങളെ രൂപപ്പെടുത്തുന്നതില്‍ അവരുടെ അമ്മമാരുടെ സ്ഥാനമാണ്. ഹോളിവുഡ് സിനിമകളുടെ പതിവു ബഹളങ്ങളില്‍ നിന്നും വ്യത്യസ്തമായി കറുപ്പും വെളുപ്പും ഉപയോഗിച്ച് എബ്രഹാം ലിങ്കന്‍റെ ശൈശവകാലം അനാവരണം ചെയ്യുന്ന 'ദ ബെറ്റര്‍ ഏഞ്ചല്‍സ്' എന്ന ചിത്രം മാതൃത്വത്തെക്കുറിച്ചുള്ള ധ്യാനത്തിലേക്ക് നമ്മെ നയിക്കുന്നു. ലിങ്കന്‍റെ ഉദ്ധരണിയോടെയാണ് സിനിമ തുടങ്ങുന്നത്,  'ഞാന്‍ എന്തായിരിക്കുന്നുവോ, എന്താകുവാന്‍ സ്വപ്നം കാണുന്നുവോ, അതിനെല്ലാം എന്റെ മാലാഖ അമ്മയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു'.

ഈ ചിത്രം എബ്രഹാം ലിങ്കന്‍റെ ബാല്യം എങ്ങനെ തീയില്‍ കുരുത്തു കരുത്താര്‍ജിച്ചു എന്ന് കാണിച്ചു തരുന്നു. അതിനായി ഏബിന് പത്തുവയസ്സാവും വരെയുള്ള വളരെ ചെറിയൊരു കാലയളവ് മാത്രം കഥാപശ്ചാത്തലമായി തിരഞ്ഞടുത്തിരിക്കുന്നു. അമേരിക്കയില്‍ കെന്‍റെക്കി സംസ്ഥാനത്ത് നിന്ന് കൊച്ച് ഏബിന്‍റെ കുടുംബം, അച്ഛനുമമ്മയും സഹോദരിയും, ഇന്‍ഡ്യാനയിലേക്ക് കുടിയേറിപ്പാര്‍ത്ത് അവിടെ പ്രകൃതിയോട് മല്ലടിച്ച് ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന കാലം. മറ്റിടങ്ങളിലൊന്നും പിടിച്ച് നില്‍ക്കാന്‍ കഴിയാത്തതുക്കൊണ്ടാകാം  കൃഷിയും മരപ്പണിയും കുറേ കൈത്തൊഴിലുകളും അറിയാവുന്ന ടോം ലിങ്കണ്‍ ഭാര്യ നാന്‍സിയേയും മക്കളേയും കൂട്ടി കാടിനു നടുവിലെ കഷ്ടപ്പാടുകളിലേക്ക് നീങ്ങുന്നത്.

സംവിധായകന്‍ ഇ.ജെ. എഡ്വേഡ്‌സ് കഥയുടെ എല്ലാ വിശദാംശങ്ങളിലേക്കും കടക്കുന്ന നേര്‍രേഖാ ആഖ്യാനശൈലിയല്ല സ്വീകരിക്കുന്നത് ; മറിച്ച് കൊടും ദാരിദ്ര്യത്തില്‍ നിന്ന് അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡണ്ടായി ഉയര്‍ന്ന എബ്രഹാം ലിങ്കന്‍റെ അറിവിന്‍റെയും ഔന്നത്യത്തിന്‍റെയും പിന്നില്‍ അമ്മ നാന്‍സിയും രണ്ടാനമ്മ സാറയും ഏറ്റവും വലിയ പ്രചോദനങ്ങളായി എങ്ങനെ മാറി എന്ന് നോക്കിക്കാണാന്‍ തിരക്കഥയിലും ദൃശ്യാവിഷ്‌കാരത്തിലും അദ്ദേഹം കൂടുതല്‍ സമയം ചെലവഴിക്കുന്നു. രണ്ട് അമ്മമാരും എഴുത്തോ വായനയോ നിശ്ചയമില്ലാത്തവരായിരുന്നു; പക്ഷേ അവരാണ് കൊച്ച് ഏബില്‍ അറിവ് സമ്പാദനത്തിനായി കത്തിനിന്നിരുന്ന തീക്ഷ്ണജ്വാലകള്‍ തിരിച്ചറിഞ്ഞതും അവയെ പ്രോജ്ജ്വലിപ്പിച്ചതും. 'അവന് ഒരു വരം ലഭിച്ചിട്ടുണ്ട്' എന്നാണ് ഏബിനെപ്പറ്റി നാന്‍സി ഭര്‍ത്താവ് ടോമിനോട് പറയുന്നത്. ബൈബിളും കൈയില്‍ കിട്ടിയ പുസ്തകങ്ങളും വായിച്ചെടുത്ത് സ്വയം വിദ്യാഭ്യാസം നേടുക എന്ന യത്‌നത്തിലായിരുന്നു എബ്രഹാം. മകന് സ്‌കൂള്‍ വിദ്യാഭ്യാസം തരപ്പെടുത്തുന്നതിനു വേണ്ടി കാടിന്‍റെ നടുവില്‍ നിന്ന് കുറേക്കൂടി ആള്‍പ്പാര്‍പ്പുള്ള സ്ഥലത്തേക്ക് താമസം മാറ്റണമെന്ന് അമ്മ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷേ, അച്ഛന്‍ ടോം പ്രകൃതിയോട് മല്ലടിച്ച് മനസ്സും ശരീരവും പരുക്കനായി പോയതുക്കൊണ്ടാകാം അക്ഷരങ്ങളുടെ ലോകത്തോടുള്ള അബ്രഹാമിന്റെ അഭിനിവേശത്തെ ഒട്ടും പ്രോല്‍സാഹിപ്പിക്കുന്നില്ല. അദ്ദേഹം ചെയ്തിരുന്ന എല്ലാ കഠിനവേലകളിലും കൊച്ച് ഏബിനെ കാര്‍ക്കശ്യത്തോടെ അയാള്‍ പങ്കെടുപ്പിച്ചു.

അമേരിക്കയില്‍ നിലനിന്നിരുന്ന അടിമവ്യവസ്ഥിതി നിര്‍ത്തലാക്കിയ പതിനാറാമത്തെ പ്രസിഡണ്ട് ലിങ്കണ്‍ നഗരമധ്യത്തിലെ ഒരു ആഢ്യ കുടുംബത്തില്‍ നിന്നല്ല, കഷ്ടപ്പാടുകളുടെ നെല്ലിപ്പടി കണ്ട കാര്‍ഷിക കുടുംബത്തില്‍ നിന്നായിരുന്നു ഉയര്‍ന്നു വന്നത് എന്ന അറിവ് അദ്ദേഹത്തോടുള്ള നമ്മുടെ ആദരവ് വര്‍ദ്ധിപ്പിക്കുന്നു. അടിച്ചമര്‍ത്തുന്നവരോടുള്ള അലിവും അനുകമ്പയും കൊച്ച് ഏബില്‍ രൂപപ്പടാന്‍ അവന്‍ വളര്‍ന്നു വന്ന സാഹചര്യങ്ങളും ബാല്യകാലത്തെ തീക്ഷ്ണമായ അനുഭവങ്ങളും ഏറെ സഹായിച്ചുവെന്ന് ഈ ചിത്രം വ്യക്തമാക്കുന്നുണ്ട്. 1817 ല്‍ ഇന്‍ഡ്യാനയില്‍ പ്രതികൂല സാഹചര്യങ്ങളുടെ നടുവില്‍ കഴിഞ്ഞിരുന്ന ലിങ്കണ്‍ കുടുംബത്തിന്റെ അനുദിന വ്യാപാരങ്ങളിലേക്ക് ക്യാമറ നമ്മെ കൂട്ടിക്കൊണ്ട് പോകുമ്പോള്‍, അവിടെ മരം അറക്കുന്ന അറക്കവാളും നിലമുഴുന്ന കാളയും വസ്ത്രം നെയ്യുന്ന നൂല്‍ത്തറിയും എല്ലാം കണ്ട് നമ്മള്‍ അദ്ഭുതം കൂറുന്നു; ഇപ്പോള്‍ ഇവയൊക്കെ നമ്മുടെ നാട്ടിലും പഴങ്കഥകളായി മാറിയല്ലോ. ചരിത്രവസ്തുതകളുടെ കൃത്യതയോട് വിശ്വസ്തത പുലര്‍ത്തുമ്പോള്‍ത്തന്നെ സദാ ചലനാത്മകമായ ഛായാഗ്രഹണ ശൈലിയും ചുറ്റുപാടുള്ള ശബ്ദങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുക്കുന്ന ശബ്ദപഥവും കൊണ്ട് സമ്പന്നമായ കാവ്യാത്മകതയാണ് ഈ ചിത്രത്തിന്റെ സൗന്ദര്യം; 'ലിറിക്കല്‍ റിയലിസ'ത്തിന്റെ നല്ലൊരു മാതൃക.

അച്ഛന്‍ കായികാദ്ധ്വാനത്തിന്റെ കഠിനപാഠങ്ങളാണ് ഏബിനെ പഠിപ്പിക്കാന്‍ ശ്രമിച്ചതെങ്കില്‍ അമ്മ നാന്‍സി അരൂപിയുടെ അതീന്ദ്രിയ ലോകത്തേക്കാണ് അവന്റെ മനസ്സിനെ പറത്തിയെടുക്കാന്‍ ആഗ്രഹിച്ചത്. അവരാണ് പ്രകൃതിയോടും ജീവജാലങ്ങളോടും അഗാധമായ സ്‌നേഹം അവനില്‍ വളര്‍ത്തിയെടുത്തത്. പക്ഷേ അവന്‍ പറക്കമുറ്റാന്‍ തുടങ്ങും മുമ്പേ പ്രകൃതിയുടെ ക്രൂരമുഖങ്ങളേയും ആ കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വന്നു. ആദ്യം അവരുടെ കന്നുകാലികള്‍ അഞ്ജാതരോഗം ബാധിച്ച് ചത്തൊടുങ്ങി; പിന്നെ മനുഷ്യരോടായി പക. ആ മഹാരോഗം പ്ലേഗ് ആണെന്ന് തിരിച്ചറിയുമ്പോഴേക്ക്  നാന്‍സിയുടെ ജീവന്‍ അത് അപഹരിച്ചിരുന്നു.  ദിശാബോധം നഷ്ടപ്പെട്ട അച്ഛന്‍ ടോം ലിങ്കണ്‍ എബിനേയും മൂത്ത സഹോദരിയേയും മരുമകനേയും തനിച്ചാക്കിയിട്ട് പുതിയ ഭാഗധേയം തേടി കെന്‍റെക്കിയിലേക്ക് തന്നെ തിരികെ പോകുന്നു.

ഈ ചിത്രത്തിന്‍റെയും എബ്രഹാം ലിങ്കന്‍റെ ബാല്യകാലത്തിന്‍റെയും രണ്ടാം അദ്ധ്യായം പോലെ കുറേ നാള്‍ കഴിഞ്ഞ് അച്ഛന്‍ കെന്‍റെക്കിയില്‍ നിന്ന് മടങ്ങിയെത്തുന്നു. സാറ എന്ന വിധവയെ പുനര്‍വിവാഹം ചെയ്ത് അവളുടെ രണ്ട് മക്കളേയും കൂട്ടിയാണ് അയാളുടെ വരവ്. സാറ നമ്മള്‍ കണ്ടും കേട്ടും പരിചയമുള്ള മാതൃകയിലുള്ള  രണ്ടാനമ്മയല്ല. ആദ്യ അമ്മയുടെ സ്‌നേഹോഷ്മളത വീണ്ടും കൊച്ച് ഏബിന് പകര്‍ന്ന് കൊടുത്ത് അവന്റെ ജീവിതത്തിലെ രണ്ടാമത്തെ നല്ല മാലാഖയായ് മാറുന്നു അവര്‍. കുട്ടികളുടെ നിസ്സാരതെറ്റുകള്‍ക്ക് പോലും കഠിനമായ ശിക്ഷ കൊടുക്കുക എന്ന പതിവ് അച്ഛന്‍ തുടരാന്‍ തുനിയുമ്പോള്‍ സാറ ഇടപ്പെട്ട് അയാളെ തിരുത്തുന്നു. കൊച്ച് ഏബിന്‍റെ വായനാശീലത്തെ പിന്തുണക്കാനുള്ള എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്ന സാറ അവനെ അല്പം അകലെയുള്ള സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാനും ശ്രമങ്ങള്‍ ചെയ്യുന്നുണ്ട്.

പക്ഷേ പഠനത്തിന് പകരം ഏബിനെ ഒരു ചെരുപ്പുകുത്തിയുടെ ആലയില്‍ ജോലിക്ക് വിടാനാണ് അച്ഛന്‍ തീരുമാനിക്കുന്നത്. ഭക്ഷണപ്പൊതിയുമെടുത്ത് അങ്ങകലെ കൊച്ച് ഏബിന്‍ ആദ്യമായി ജോലിക്ക് പോയ ആ ദിവസത്തെക്കുറിച്ച് അവന്‍റെ പിതൃസഹോദര പുത്രന്‍റെ വാക്കുകള്‍ 'വോയ്‌സ് ഓവര്‍'      ആയി  നമ്മള്‍  ഇങ്ങനെ കേള്‍ക്കുന്നു 'അന്ന് രണ്ടാനമ്മ ഭക്ഷണമൊന്നും കഴിക്കാതെ , ആരോടും ഒരക്ഷരം മിണ്ടാതെ , പുരയിടത്തില്‍ സദാ നേരവും ചുറ്റി നടന്നു'. സ്വന്തം മകനല്ലാതിരുന്നിട്ട് പോലും ഏബിനോട് ഇത്രയും സ്‌നേഹം സൂക്ഷിക്കുന്ന, അവന്റെ ഭാവി സ്വപ്നങ്ങളില്‍ ഇത്രയും താത്പര്യമെടുക്കുന്ന ഒരാളെ മാലാഖ എന്നല്ലാതെ മറ്റെന്ത് വിളിക്കണം?

അധികം വൈകാതെ അച്ഛന്‍റെ തീരുമാനത്തിനും മാറ്റമുണ്ടാക്കി, ഏബിനെ അകലെയുള്ള കമ്മ്യൂണിറ്റി സ്‌കൂളില്‍ പറഞ്ഞയക്കാന്‍ മുന്‍കൈയെടുക്കുന്നത് സാറ തന്നെയാണ്. ആ സ്‌കൂള്‍ ജീവിതം, അവിടുത്തെ അധ്യാപകന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള സമീപനങ്ങള്‍ ഇവയെല്ലാം ലിങ്കന്റെ ജീവിതത്തില്‍ പില്‍ക്കാലത്ത് വലിയ സ്വാധീനങ്ങളായി മാറി. വാരാന്ത്യത്തില്‍ അദ്ധ്യാപകന്‍ ലിങ്കന്‍റെ വീട് സന്ദര്‍ശനത്തിനെത്തുമ്പോള്‍ അച്ഛന്‍ ചോള വയലില്‍ കഠിനാദ്ധ്വാനത്തിലാണ്, കൂടെ കൊച്ച് ഏബും. അധ്യാപകന്‍ ഏബിനെ ചൂണ്ടി അച്ഛനോട് പറയുന്നു, 'ഇവന്‍ കാടിനുള്ളില്‍ നിത്യമായി കഴിഞ്ഞു കൂടേണ്ടവനല്ല. അധികം വൈകാതെ സമൂഹത്തില്‍ തന്‍റെതായൊരിടം ഇവന്‍ അടയാളപ്പെടുത്തും എന്നെനിക്കുറപ്പുണ്ട്'.

കൊച്ച് ഏബ് തന്റെ ഭാവിഭാഗധേയങ്ങള്‍ നിശ്ചയിക്കാനിരിക്കുന്ന നീണ്ട യാത്രകള്‍ക്ക് ഇറങ്ങിത്തിരിക്കുന്നിടത്ത് ഈ സിനിമ അവസാനിക്കുന്നു. കാടും വയലും, ഇന്‍ഡ്യാനയും കെന്‍റെക്കിയും പിന്നില്‍ വിട്ട് ഇല്ലിനോയ്‌സ് സംസ്ഥാനത്തെ ചിക്കാഗോ നഗരത്തില്‍ എത്തി നില്‍ക്കുമ്പോള്‍ '1865' എന്ന കാലസൂചിക സ്‌ക്രീനില്‍ തെളിയുന്നു. സിനിമയുടെ ആദ്യ ദൃശ്യങ്ങളില്‍ നമ്മള്‍ കണ്ടത് വാഷിംഗ്ടണ്‍ ഡി.സിയിലുള്ള ലിങ്കണ്‍ മെമ്മോറിയലിന്റെ ഗാംഭീര്യം നിറഞ്ഞ വൈഡ് ആംഗിള്‍ ഷോട്ടുകളാണ്. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തില്‍ ഏറ്റവും നിര്‍ണ്ണായകമായൊരു ഘട്ടത്തില്‍ ആ രാജ്യത്തിന്റെ പ്രസിഡണ്ടായി ലേകചിന്താഗതിയെ തന്നെ മാറ്റി മറക്കും വിധം സുപ്രധാനതീരുമാനങ്ങള്‍ കൈക്കൊണ്ട ആ മഹാത്മാവിന്റെ ജീവിതം ആധാരമാക്കുന്ന ഈ സിനിമയുടെ 'എപ്പിലോഗും' 'പ്രൊലോഗും' ആണ് വാഷിംഗ്ടണിലെയും ചിക്കാഗോയിലെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഖണ്ഡങ്ങള്‍. ഈ രണ്ട് ഖണ്ഡങ്ങള്‍ക്കിടയില്‍ സംവിധായകന്‍ എഡ്വേര്‍ഡ്‌സ് ഒരുക്കുന്ന ചലചിത്ര കാവ്യം എബ്രഹാം ലിങ്കന്റെ ബാല്യകാലം മാത്രം ഒരു ചിമിഴിലൊതുക്കി, അതീവ ആഖ്യാനഭംഗിയോടെ അവതരിപ്പിക്കുന്നു. കഥാപാത്രങ്ങളില്‍ ആരെ മറന്നാലും എപ്പോഴും ഓര്‍ത്തിരിക്കുക രണ്ട് അമ്മ മാലാഖമാരെയാണ്- ദ ബെറ്റര്‍ എഞ്ചല്‍സ്!