21 Oct

YOU CAN BEAT IT

കാന്‍സര്‍ എല്ലാവരുടെയും മനസ്സില്‍ ഭീതിയുനര്തുന്നതാണ്.എന്നാല്‍ ഒരു പുഞ്ചിരിയോടെ കാന്‍സര്‍ നെ നേരിട്ടവരുമുണ്ട്. ‘കാന്‍സര്‍’ എന്ന വാക്കിനോട് മലയാളിക്കുള്ള ഭയമകറ്റുക എന്ന ഉദ്യേശതോടെയാണ് ഗാന്ധി ജയന്തി ദിനത്തില്‍ ഈ വര്ഷം ചേതന  കാന്‍സറിനെക്കുറിച്ചുള്ള ഒരു  ഡോകുമെന്ററി പ്രദര്‍ശിപ്പിച്ചത്. കാന്‍സര്‍ രോഗികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേപോലെ സഹായകമാവുന്ന ഡോകുമെന്ടറി നിര്‍മ്മിചിരിക്കുന്നതും കാന്‍സര്‍ അതിജീവനത്തിനു ഉദാഹരണമായ ഒരു പെണ്‍ കരുത്താണ്. ചാനല്‍ അവതാരിക ആയിരിക്കെ നാവിനു ബാധിച്ച കാന്സറിനെ മനസ്സാന്നിധ്യം കൊണ്ട് പൊരുതി തോല്പിച്ച റിയയെ ആദരവോടെ അല്ലാതെ നമുക്ക് കാണാന്‍ കഴിയില്ല.

     കൈരളി ചാനല്‍ അവതാരികയായിരിക്കെ 2010 ലാണ് റിയക്ക് നാവിനു കാന്‍സര്‍ ബാധിക്കുന്നത്. കരിയര്‍ സ്വപ്നങ്ങളേക്കാള്‍ എല്ലാവരെയും പോലെ സംസാരിക്കാന്‍ പറ്റുമോ എന്നതായിരുന്നു റിയയെ  അലട്ടിയ പ്രധാന പ്രശ്നം. അപൂര്‍വമായ മനസാന്നിധ്യവും ചികിത്സിച്ച ഡോക്ടര്‍ തന്ന ആത്മവിശ്വാസവും വീടുകാരുടെ പ്രാര്‍ഥനയും ഒടുവില്‍ ഫലം കണ്ടു.  റിയ പതുക്കെ പഴയ ലോകത്തിലേക്ക് തിരിച്ചു വരികയാണ്. രുചി അറിയാതെ മണ്ണു പോലെ വാരിത്തിന്ന ആഹാരത്തിന്റെയും വാതോരാതെ മനസ്സില്‍ മാത്രം സംസാരിക്കേണ്ടി വന്ന നാളുകളെയും റിയ പതുക്കെ മറന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ ആശുപത്രി ഓര്‍മ്മകള്‍  റിയ പുനരാവിഷ്കരിച്ചത് മറ്റൊരു രീതിയിലാണ്. ചേതന മീഡിയ അക്കാദമിയില്‍ ഇപ്പോള്‍ ഫിലിം മേകിങ്ങ് ഡിപ്ലോമ ചെയ്യുന്ന റിയ ചെയ്ത ‘ YOU CAN BEAT IT’ ഡോകുമെന്ററി  തൃശൂര്‍ KESS ഭവന്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

     എല്ലാവരെയും പോലെ തന്നെ എന്റെ മനസിലും അര്‍ബുദം പേടിപ്പെടുതുന്നതായിരുന്നു. ഒരുപക്ഷെ അതെന്റെ ശരീരത്തെ ബാധിച്ചാല്‍ എനിക്ക് എന്ത് ചെയ്യാനാവും എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മരണമായിരുന്നു ഒരുപായമായ് എനിക്ക് മുന്നിലുണ്ടായിരുന്നത്.എന്നാല്‍ റിയ എന്നെ അവരറിയാതെ തന്നെ മാററിയിരിക്കുന്നു. പൊരുതലിന്റെ ആവേശമല്ല എന്നെ ആകര്‍ഷിച്ചത്. ജീവിതത്തെ ഏറ്റവും ലഘുവായ്‌ കണ്ട മനസാണ്.ഞങ്ങളോട്  സംവദിക്കുന്നതിനിടയില്‍ മറക്കാനാവാത്ത അനുഭവം ആരോ ചോദിച്ചപ്പോള്‍, ‘ആദ്യമായ് നാവിനു രുചിയറിഞ്ഞതാനെന്നു  അവര്‍ പറഞ്ഞത് ഒട്ടൊരു വേദനയാണ് കേട്ടിരുന്നത്. 

   മനുഷ്യരുടെ മാറിവരുന്ന ജീവിത രീതികള്‍ തന്നെയാണ് ഇത്തരം രോഗങ്ങളിലേക്ക് നമ്മെ നയിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തില്‍ അര്‍ബുദം ബാധിച്ചവരുടെ എന്നതില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. നാം നമ്മുടെ കാഴ്ചപ്പാടുകള്‍ മാറ്റിയില്ലെങ്കില്‍ ഇനിയും കുടുതല്‍ അര്‍ബുദ ബാധിതരെ കാണാനാവും . അമിത മദ്യപാനവും ലഹരിഉപയോഗവും ഇതിനു ഒരു പരിധി വരെ കാരണമാവുന്നു എന്ന് ഡോകുമെന്ററിയില്‍ ഡോക്ടര്‍മാര്‍ സാക്ഷ്യപെടുത്തുന്നു. പ്രദര്‍ശനവും ക്ലാസും കഴിഞ്ഞു തിരികെ നടക്കുമ്പോഴും ഒന്നും സംഭവിക്കാത്ത പോലെ വേദിയില്‍ ഞങ്ങളെ നോക്കി നിറ പുഞ്ചിരി നല്‍കിയ റിയ യുടെ മുഖമായിരുന്നു മനസിലത്രയും.